Tuesday, 17 July 2012

പഹാഡ്ഗാഞ്ചിലെ ശവക്കുഴി


      



            ദില്ലി...ചരിത്ര പുസ്തകത്തിലെ നെടുനീളന്‍ അദ്ധ്യായം,രാഷ്ട്രീയ സിനിമകളിലേ വില്ലെന്മാരുടെ തറവാട്ട്‌ വീട്.ഏതൊരു പുതിയ നഗരവും മനസ്സില്‍ ആദ്യം സൃഷ്ട്ടിക്കുന്നത് നെഞ്ചിലെ  ഉടുക്ക് കൊട്ടിന്‍റെ അവതാള ബന്ധത്തിന്‍റെ ഓര്‍മ്മപ്പെടുത്തലുകലാണല്ലോ?.എം.മുകുന്ദന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ഞാനും അന്ന് തന്നെയാണ് ഏറ്റവും കൂടുതല്‍ എന്നോട് തന്നെ സംസാരിച്ചത്.അതായത് ദില്ലിയിലെ പ്രധാന റെയില്‍വേ സ്റ്റേഷനില്‍ കാലുകുത്തിയ അന്ന്.അദേഹത്തോടുള്ള എന്‍റെ ആരാധന ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ല, പറഞ്ഞു വരുന്നത് എം.മുകുന്ദന്‍റെ കാര്യമാണ്.കൃത്യമായി പറഞ്ഞാല്‍ ഒരു ഞായറാഴ്ച, അതെന്നേ...അന്നാണ്..ദൂരദര്‍ശന്‍ മലയാളത്തില്‍ വൈകീട്ട് നാല് മണിക്ക് മലയാളം സിനിമ കാണിക്കുന്നത്.ദൈവത്തിന്‍റെ വികൃതികളിലെരഘുവരന്‍ അന്ന് രാത്രി എന്‍റെ കുഞ്ഞു മനസ്സില്‍ ഞാന്‍ നെയ്തെടുത്ത, അന്നുവരെ കാണാത്ത മയ്യഴിപുഴയിലെ മണല്‍ തിട്ടകളില്‍ മുഴുപ്രാന്തനായി അലറി വിളിച്ചു ഉറക്കം കെടുത്തി.ആവിലായിലെ സൂര്യോദയം,കേശവന്‍റെവിലാപവും മനസ്സു നിറച്ചപ്പോഴും ഞാന്‍ ഇത്രയും കടുത്ത തീരുമാനമെടുത്തില്ല, പക്ഷെ ദില്ലിഗാഥകള്‍ പുറത്തിരങ്ങിയപ്പോഴേക്കും ഞാന്‍ ഉറപ്പിച്ചു...ദില്ലി കാണണം,എം .മുകുന്ദനെയും”....കൂട്ട് കമ്പനി ചോതിച്ചപ്പോള്‍ എല്ലാ സുഹൃത്തുക്കളും കൂടിയ മനശാസ്ത്രഞനെ പോലെ ഉറപ്പിച്ചു പറഞ്ഞു..നിനക്ക് വട്ടാണ്”....

ഷോര്‍ണൂര് റെയില്‍വേ ജംഗ്ഷന്‍റെ വലുപ്പത്തെ കുറിച്ചും,ഞാന്‍ ഷോര്‍ണൂരുകാരനാണെന്നും വീമ്പടിക്കാറുള്ള എന്‍റെ പഴയ സുഹൃത്ത്‌ സതീശനെ ഞാന്‍ ഓര്‍ത്തു...മോനേ...നിന്നെ എനിക്ക് ഒന്ന് കൂടി ഒന്ന് കാണണം..
ജനസാഗരം എന്ന് കേള്‍ക്കുമ്പോള്‍ മലയാള മനോരമയുടെ ഒന്നാം പേജില്‍ വരാറുള്ള  തൃശ്ശൂര്‍പൂരത്തിന്‍റെ സെമി  ഏരിയല്‍ ഷോട്ട് കളര്‍ ഫോട്ടോയാണ് സാധാരണയായി ഓര്‍മ്മ വരാറുള്ളത്..അന്ന് തൊട്ടു ഞാന്‍ അത് മാറ്റി സേവ്‌ചെയ്തു.
ഗോതമ്പിന്‍റെ നിറം കാണണമെങ്കില്‍ മുഖലേപനക്കാര്‍ ഇവിടെ വരട്ടെ.തോട്ടി പണി ചെയ്യുന്ന റെയില്‍വേയിലെ ക്ലാസ്സ്‌ ഫോര്‍ ജീവനക്കാരിക്കും,ഗ്രാണശക്തി തന്നതിന് ദൈവത്തിനെ ആദ്യമായി പിരാകുന്ന വിധം നാറ്റം വമിക്കുന്ന; മൂക്കൊലിപ്പിച്ചു നടക്കുന്ന യാചക പെണ്‍കുട്ടിക്കും ഉണ്ട് ഇവര് കണ്ട ഗോതമ്പിനേക്കാള്‍ നിറം..
നാനാത്വത്തില്‍ ഏകത്വം”, പടച്ചോനേ ഇതന്തൊരു ലോകം???
പുറത്തേക്കുള്ള വഴി വാതില്‍ക്കല്‍ രിക്ഷാവാലകളുടെ കൂട്ടതല്ലാണ്, “സാബ്‌,സാബ്‌..വിളികള്‍. കൂട്ടത്തില്‍ മാന്യന്‍ എന്ന് തോന്നിയ ഒരുത്തന്‍റെ മുഖത്ത് നോക്കി...സാബ്‌ , കിതര്‍ ജാനാ ഹേ ആപകോ ?...”..” “പഹാഡ്ഗാഞ്ച്”....   “ആപ് ചഡിയെ....
ഡൊമനിക് ലാപ്പിയരിന്‍റെ സിറ്റി ഓഫ് ജോയ്‌ലെ റിക്ഷാക്കാരന്‍ ഹസാരി പാലിന്‍റെ കാലിലെ ഞരമ്പു, മനുഷ്യ റിക്ഷ വലിച്ചു മുറുകുന്നത് മനസ്സില്‍ വിഭാവനം ചെയ്തിട്ടുണ്ട്.നേരിട്ട് കണ്ടു...അണ്ണന്‍ ആങ്ങി തൂങ്ങി നൂറ്റിപ്പത്തുകിലോ ചവിട്ടുന്നുണ്ട്.അഭിമാനത്തോടെ പറയട്ടെ അതില്‍ എഴുപതോളം കിലോ എന്‍റെതു തന്നെയാണ്... പഹാഡ്ഗാഞ്ചിന്‍റെ ഞാന്‍ ഇവിടെയുണ്ടേ”...എന്നാ പച്ച ബോര്‍ഡ് ദൂരെ നിന്നേ കണ്ടു...ഒരു സൈക്കിള്‍ പോലും കൊണ്ടുപോകാന്‍ പറ്റാത്ത റോഡിലേക്ക്  അണ്ണന്‍ തിരിഞ്ഞു....മുറുക്കിതുപ്പിയ ചുവന്നു പാടുകള്‍ ടാറിന്‍റെ കറുപ്പിനെ മൂടിയ തെരുവുകള്‍...പശു ,പക്ഷി,സ്കൂള്‍ക്കുട്ടികള്‍,സൈക്കിള്‍റിക്ഷകള്‍ ,ജനസഞ്ചയം,വഴിയോര കച്ചവടക്കാര്‍ ,ആസനത്തില്‍ തീപിടിച്ചതുപോലെ തെക്ക് വടക്ക് ഓടുന്ന സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികള്‍ . ഇവനെ സമ്മതിക്കണംഞാന്‍ മനസ്സില്‍ ഓര്‍ത്തു,സൂചി കയറ്റാനുള്ളിടത്ത് പി .എസ് .എല്‍.വി റോക്കറ്റല്ലേ തള്ളി കയറ്റുന്നത്. പഹാഡ്ഗാഞ്ച് എന്നത് ഹോട്ടലുകളുടെ ഗലിയാണ്.നെടുങ്ങനെയും കുറുന്നനെയും പായുന്ന ,ഞരമ്പ് പോലെ  വീതി കുറഞ്ഞ പാതകള്‍ക്ക് ഇരുവശവുമായി എഴുനൂറോളം ഹോട്ടലുകള്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഒരു ദില്ലി ഗലി, വെറും ഒരു ഗലി അല്ല,നാനാദേശത്തില്‍ നിന്നും വരുന്നവര്‍ക്ക് തല ചായ്ക്കുവാനൊരിടം .
അത്യാവശം കൊള്ളാവുന്ന, എന്‍റെ ഭാരം കുറഞ്ഞ പോക്കറ്റിനു താങ്ങാവുന്ന ഒരു ഹോട്ടലില്‍ ചെക്ക്‌ ഇന്‍ ചെയ്തു.എണ്ണിയാല്‍ തീരാത്ത അതിഥികളെ സ്വീകരിച്ച മുറി എന്നെ ഒന്ന് മൈന്‍ഡ് പോലും ചെയ്യാതെ ഉറക്കം ആണ്.ദിവസവും മാറിവരുന്ന അഥിതികളെ കണ്ടു മടുത്ത്,പഴമയുടെ മനം മടുപ്പിക്കുന്ന രൂക്ഷമായ ഗന്ധമേറ്റു ,അലസമായി ഉറങ്ങുന്ന ജീവനറ്റ ഒരൊറ്റ മുറി.അത്യാവശം പരിപാടികള്‍ ഒക്കെ കഴിച്ചു ഞാന്‍ നിരന്നു നില്‍ക്കുന്ന വീഥിയിലേക്ക് ജനാലകള്‍  തുറന്നു.മൂന്നാം നിലയില്‍ ആണെന്‍റെ മുറി .താഴെ , ഞാന്‍ റിക്ഷയില്‍ വന്ന വഴി . സമയം പ്രഭാതം ആയത് കൊണ്ടാവും,വഴിലെങ്ങും ക്ലീനിംഗ് എന്ന നാടകം അരങ്ങേറുന്നുണ്ട്  സ്കൂളിലേക്ക് ഒഴുകുന്ന കുട്ടികള്‍,വെള്ള ഷര്‍ട്ടും;കറുത്ത പാന്‍റ്സും ധരിച്ച് ഓവര്‍ കോട്ട് കയ്യില്‍ തൂക്കിഓടുന്ന ഹോട്ടല്‍ റൂം ബോയ്സ് .നൂറു കണക്കിന് ആണ് ട്രാവല്‍ ഏജന്‍സികള്‍,ഇത്രയും ഹോട്ടലുകളും ,വിനോദ സഞ്ചാരികളും തിങ്ങി നെരുങ്ങുന്ന ഈ തെരുവില്‍ അത്രയും തന്നെ ആളുകളെ ഇവരും പ്രതീക്ഷിക്കുന്നുണ്ട്
എനിക്കും വിശേഷിച്ച് പണി ഒന്നും ഇല്ല .എന്‍റെ ആരാധ്യതാരത്തെ ഒന്ന് കാണണ൦.പറ്റുമെങ്കില്‍ നിധി പോലെ ഹൃദയത്തോട് ചേര്‍ത്ത് നടക്കാറുള്ള എന്‍റെ പ്രഥമ നോവല്‍ അദ്ദേഹത്തിനെ കാണിക്കണം .അത് പോലെ പ്രധാനമാണല്ലോ അനുഭവ സമാഹരണവും.മുഴുവന്‍ കറങ്ങി നടന്നു കാണണം...അനശ്വര പ്രേമത്തിന്‍റെ ഉദാത്ത മാതൃകഎന്നൊക്കെ വാഴ്ത്തുന്ന താജ്‌ മഹലും ഇവിടെ അടുത്താണെന്ന് കേട്ടിട്ടുണ്ട് .പറ്റിയാല്‍ ആഗ്രയിലും പോകണം .അദ്യത്തെതു സൗജന്യ കറക്കം തന്നെ ആവട്ടെ .ഒന്ന് ഇറങ്ങി നടക്കാം .എപ്പോഴും പൊടി പാറുന്ന , ദുര്‍ഗന്ധവും ,തിരക്കും കൂടപ്പിറപ്പായ ഈ തെരുവില്‍ നിന്ന് തന്നെ ആവട്ടെ തുടക്കം...

ദിവസം രണ്ടായിട്ടും എനിക്കെന്‍റെ ലക്ഷ്യത്തിലേക്ക് അടുക്കാന്‍ കഴിഞ്ഞിട്ടില്ല .അദേഹം ഇപ്പോഴും എംബസ്സിയില്‍ തന്നെയല്ലേ ?...വിരമിച്ചു എന്നൊരു വാര്‍ത്ത വായിച്ചിരുന്നില്ലേ? ആണെങ്കില്‍ ഇപ്പോള്‍ ആളു കണ്ണൂര് ആയിരിക്കുമോ മോശമായി..... അന്വേഷിക്കാതെ ഇറങ്ങി ഓടെണ്ടായിരുന്നു .ഇനിയിപ്പോ ഇത്രേം ഒക്കെ ആയ സ്ഥിതിക്ക് ...ഏയ്‌....ഒന്ന് കൂടി നോക്കാം ന്നേ ...ഉറക്കവും വരുന്നില്ല ..മണി പതിനൊന്നു കഴിഞ്ഞിരിക്കുന്നു ...ഇവിടെ മനുഷ്യര്‍ക്ക്‌ ഉറക്കോം ഇല്ലേ? ...താഴെ ഇപ്പോളും ബഹളം തന്നെ ...ഈ ബെഡ് ഷീറ്റ് ഒന്ന് മാറ്റി വിരിക്കാന്‍ ഞാന്‍ ആ പഹയനോട് പറഞ്ഞിരുന്നതാണ് ..അല്ലെങ്കിലും ഇവന്മാര്‍ക്ക് ഒരു മൈന്‍ഡ് ഇല്ല...എന്ത് ചെയ്യാം ...   ഇത്ര നാളിനിടയ്ക്ക് മലയാളി എന്നാല്‍ വല്ല്യ ബുദ്ധിമാന്‍ ആണെന്നും ,ആരാലും അത്ര പെട്ടന്ന് പറ്റിക്കാന്‍ പറ്റാത്തവന്‍ ആണെന്നും ഉള്ള എന്‍റെ വിശ്വാസം അല്‍പ്പം  നശിച്ചിരുന്നു...കാലടി വെച്ച് എത്താവുന്ന ദൂരത്തിന് കഴുത് പറിപ്പന്‍  കൂലി കൊടുത്തപ്പോളും,മദ്രാസി ആണെന്ന് മനസിലായപ്പോള്‍ പാനി പൂരിക്കും ചോല ഭട്ടൂരയ്ക്കും  അഞ്ചു രൂപ വരെ കൂട്ടി പറഞ്ഞും എല്ലാവരും പറ്റിക്കാന്‍ നോക്കി...എല്ലാത്തിനും ആക്രാന്തമാണെന്നു തോന്നി..പണത്തിനോട്...!!!!...അതാണിവിടെ എല്ലാവരുടെയും  നോട്ടം ......കള്ള ഗോസായി ..നീ ഒക്കെ നിലമ്പൂരങ്ങാടിയിലോട്ടു വാ ...അന്നെ ഞാന്‍ ഞാന്‍ എടുത്തോളാം
 ....ഇനിയിപ്പോ സ്വന്തമായിട്ട് വിരിക്കാം ... ...മുഴുവന്‍ ഒന്ന് തട്ടി കുടഞ്ഞേക്കാം... വീശി കുടഞ്ഞ ഷീറ്റിനടിയില്‍  നിന്നും എന്തോ ഒന്ന് തെറിച്ചു മൂലയിലേ വീണു.പാതി വെളിച്ചത്തില്‍ തപ്പിതിരഞ്ഞപ്പോള്‍ കണ്ടു ...ഞെട്ടി !!!!...ഒരു പാക്കറ്റ് മൂഡ്‌സ് കോണ്ട൦.അതെടുത്ത് ചവറ്റു കുട്ടയിലിട്ടു.പരവേശതോടെ കിടക്കയില്‍ വന്നിരുന്നു.അതിക നേരം ഇരിക്കാന്‍ തോന്നിയില്ല ,എന്തോ പോലെ തോന്നി.വെളിയില്‍ ഇറങ്ങി ഒന്ന് നടന്നിട്ട് വരാം .

നീട്ടി വലിച്ചു നടന്നു ...തെരുവില്‍ തിരക്ക് കുറഞ്ഞു വരുന്നുണ്ട്..സൈക്കിള്‍ റിക്ഷയില്‍ ഇപ്പോഴും സായിപ്പും മദാമ്മയും തെരുവിനെ വലം വെയ്ക്കുന്നു.യാത്ര കഴിഞ്ഞു വരുന്ന സഞ്ചാരികളുടെ കൂട്ടം ഹോട്ടലുകളെ ലക്ഷ്യമാക്കി നടക്കുന്നു...തെരുവിന്‍റെ വെളിച്ചം കുറഞ്ഞ കോണില്‍ നിന്നും കുറിയ ഒരു ബീഹാറി എന്‍റെ നേര്‍ക്കടുത്തു ... ഒന്ന് വിളറി ...വല്ല പിടിച്ചു പറിക്കാരനും ആണോ?..ഞാന്‍ പോക്കറ്റില്‍ കൈ അമര്‍ത്തി..അയാള്‍ ഒന്ന് വിളര്‍ക്കേ ചിരിച്ചു . പാന്‍ തിന്നു കറ പിടിച്ച പല്ലുകള്‍....!!!,ഞാനും ചിരിച്ചെന്നു വരുത്തി ...ഇവനിപ്പോ എന്താണാവോ വേണ്ടത് എന്ന് ചോതിക്കും മുന്‍പ് അയാള്‍ ചോദ്യം എറിഞ്ഞു ...മാല്‍ ചാഹിയേ സാബ്‌ ?...എന്ത്?
കശ്മീരി,പഞ്ചാബി ,മദ്രാസി,നേപ്പാളി ...സബ് മിലേഗ സാബ്‌ ...കേട്ട് മാത്രം പരിചയം ഉള്ള മാംസ വില്‍പ്പനക്കാരന്‍ നിന്ന് വെളുക്കെ ചിരിച്ചപ്പോള്‍ എന്തോ വല്ലായ്കയാണ് തോന്നിയത്...ഞാന്‍ നാല് പാടും ഒന്ന് നോക്കി...കോണില്‍ ഒരു വിദേശി കൈത്തണ്ടയില്‍ വെളുത്ത പൊടി തൂകി മൂക്കിലേക്ക് വലിച്ചു കേറ്റുന്നു...ആക പേടി തോന്നുന്ന അന്തരീക്ഷം ആയി തോന്നി...അയാളെ തട്ടി എറിഞ്ഞു ഞാന്‍ മുന്നോട്ടു നടന്നു..പുറകെ അരുടെയോ കാല്‍പെരുമാറ്റം പോലെ തോന്നി...നടത്തത്തിന് വേകം കൂട്ടി ..അല്ല ഓടുകയായിരുന്നു റൂമിലേക്ക്‌...കണ്ണടച്ചതും ഉറങ്ങിയതും അറിഞ്ഞില്ല .

ഇതെവിടെക്കാണ് പോകുന്നത്...ആഴ്ച്ച ഒന്നായി...ജീവിതം ഒരുപാട് കണ്ടു..കാണണമെന്ന് കരുതിയ ആളെ ഇത്‌ വരെ കണ്ടില്ല....ഇന്ന്..., നാളെ... എന്ന് കരുതി ദിവസങ്ങള്‍ പോകുന്നുഎനിക്ക് തിരിച്ചു പോണം ....നാളെ തന്നെ മടക്ക ടിക്കറ്റ്‌ ബുക്ക്‌ ചെയ്യണം ...കുളിച്ചു നന്നായൊന്നു ഉറങ്ങണം.
  ടോയ്‌ലറ്റിന്‍റെ ഫ്ലഷ്‌ അമര്‍ത്തിയപ്പോള്‍... എന്തോ ഒന്ന് താഴെ വീണു ...ഒരു നിറം മങ്ങിയ പേപ്പര്‍ തുണ്ട്..!!!!! ഇതെന്താ?...അത്ഭുതത്തോടെ  തുറന്നു ...മലയാളത്തില്‍ ആണ് കൈപ്പട ...ഉള്ളടക്കം ശരിക്കും ഞെട്ടിക്കുന്നതായിരുന്നു..
ഒരാത്മഹത്യ കുറിപ്പ്അതും മലയാളിപ്പെണ്ണിന്‍റെ...സംഭവം സ്ഥിരം തന്നെ ...ചതി..!!!!
കാര്യകാരണ സഹിതം നിരത്തി ഉള്ള എഴുത്താണ് ...കത്ത് ഉള്ളം കയ്യിലിരുന്നു വിറച്ചു ...എന്ത് ചെയ്യും...??? എന്തെങ്കിലും ചെയ്യണോ?...ഇത്‌ പോലീസിനെഏല്പ്പിക്കണോ?... ആരെയെങ്കിലും അറിയിച്ചാല്‍ തന്നെ....!!!!!
എന്താ ചെയ്യേണ്ടത്...ഒരെത്തും പിടിയും കിട്ടുന്നില്ല...അതികം ആലോചിച്ചില്ല ... നാലായി കീറി...പിന്നേ എട്ട്...കഷ്ണം കഷ്ണം...ഒരറ്റ ഫ്ലഷ്...സംഭവം ക്ലീന്‍...
ഇരിപ്പറക്കുന്നില്ല...എന്തോ വല്ലായ്ക...ചെയ്തത് ശരിയായോ...?..സാഹിത്യകാരനാവാന്‍ കൊതിക്കുന്നവന്‍ തിന്മ കണ്ടാല്‍ എതിര്‍ക്കെണ്ടേ..?...തുലാസുകള്‍ ആടുന്നു... എനിക്കരിശം വന്നു... കോണിപ്പടികള്‍ ചാടിയിറങ്ങി...റിസപ്ഷനിലെ വെളുത്ത പയ്യന്‍ ...ടേബിളില്‍ തല ചാരി വെച്ച് ഉറക്കം ആണ്...
ഹലോ...!!!!!....എന്‍റെ റൂമില്‍ ആരെങ്കിലും ആത്മഹത്യ ചെയ്തിരുന്നോ എന്ന ചോദ്യം ഉറക്കത്തില്‍ പയ്യനെ ഞെട്ടിച്ചു...വൊഹ്.... സര്‍ ,യേ... വൊഹ് ...നായിന്‍റെ മോനേ സത്യം പറയെടാ..!!! “...എന്‍റെ കൈ വിറച്ചു..ഏക്‌ സാല്‍ പഹലെ ഏക്‌ മദ്രാസി ലട്കി  ...വൊഹ് സബ്..ആപകോ ക്യാ ഹുവാ?..കൈസേ ആപ്പ്കോ....???? ഉറക്കം പോയ അവന്‍ നിന്ന് വിറച്ചു...ഇവനോട് തുള്ളിയിട്ടെന്തു കാര്യം ??...
മിണ്ടാതെ മുറിയിലേക്ക്...നാളെ തന്നെ നാട്ടില്‍ പോകണം ....നന്മ കണ്ടാല്‍ അംഗീകരിക്കാത്തവനും തിന്മയെ എതിര്‍ക്കാന്‍ മൂക്കിന്‍ തുമ്പില്‍ അവസരം കിട്ടിയിട്ടും എതിര്‍ക്കാത്തവനും എന്ത് അനുഭവം ഉണ്ടായിട്ടെന്താ?
ഞാന്‍ എന്‍റെ നോവല്‍ പലതായി ചീന്തി... അതേ ശൌചാലയത്തില്‍ തള്ളി...എന്നിലെ സാഹിത്യകാരന്‍റെ ഇടം  ഇനി ഇതാണ്...  ...നാശം...ഒന്നുമായില്ലെങ്കിലും കൈക്കൊട്ടെടുത്തു കൊത്തി ഒരു കൃഷിക്കാരനെങ്കിലും ആവണം ..ഇന്നൊരു രാത്രി കൂടി...സ്മരണകള്‍ കൂട്ടിനു...നാളെ തിരിക്കണം .




Monday, 16 July 2012

കീടം












മഴയുടെ മധുരം നുണഞ്ഞ കാലം മറന്നു ..
മഹാനഗരത്തില്‍ മഴ, എന്നതു മാലിന്യമാണ്.
അമ്മിഞ്ഞപ്പാല് കുടിച്ച കുട്ടിയെ
കുപ്പി കാട്ടി കൊഞ്ഞനം കുത്തുന്ന ചേല് .



       അടുത്തവര്‍ക്ക് അകന്നു നിന്നപ്പോള്‍,
       സ്വപ്നങ്ങള്‍ക്ക് ഇരട്ടി മധുരത്തിന്‍റെ സ്വാദ്.
       പരമാര്‍ത്ഥങ്ങളില്‍ ഞാന്‍ നിറങ്ങള്‍ കണ്ടിട്ടില്ല ,
       ഈ സ്വപ്നങ്ങള്‍  രതിനിര്‍വൃതി തുല്ല്യം.


അമ്മേ ക്ഷമിക്കണം സഞ്ചയനം മറന്നതല്ല,
ജോലിത്തിരക്കില്‍ ..!!!!!!!!!!!!!
അമ്മയ്ക്ക് വായ്ക്കരി അളിയന്‍ പകര്‍ന്നില്ലേ?..
ഇവിടെത്തിരക്ക് നാട്യവും  ശീലവും; അമ്മെക്കെന്തറിയാം ?...


             ഇവിടെ രാത്രിയ്ക്ക് പല്ലിളിയ്ക്കും കറുപ്പില്ല.
      പ്രിയരെ കാണാതെ മരിച്ചവരുടെആത്മരോദനങ്ങള്‍,
      വിളറിയ മുഖങ്ങളുടെ മരവിച്ച മഞ്ഞപ്പ്‌,
      ദേവയാനം നടത്താന്‍ ഇനിയും നടക്കണം



  ഓടി തളരുമ്പൊഴും ,വാടി വീഴുമ്പോഴും,
  ഇവിടെ എന്‍ വീടിന്‍റെ തട്ടിന്‍പുറത്ത്;
  കണ്ണാടി പാവിയ മേല്‍ക്കൂര നോക്കി
  തന്നത്താന്‍ നോക്കി ചിരിക്കും, ചമയങ്ങള്‍ വീണ്ടും മുറുക്കാന്‍.

  
  

ഫേസ് ബുക്കും ചില പുഴുക്കുത്തലുകളും..!!!!!!






     ഫ്ലിപ്കാര്‍ട്ടിലൂടെ "ഉപ്പ് തൊട്ടു കര്‍പ്പൂരം" വരെ വാങ്ങാന്‍ കഴിയുമെന്ന് ഇന്ന് നാട്ടിന്‍ പുറത്തെ അപ്പൂപ്പന്‍മാര്‍ക്ക്‌ വരെ അറിയാം.അത്ഭുതത്തോടെ കേട്ടിരുന്ന "കമ്പൂട്ടറിന്‍റെ" മായാവിലാസങ്ങള്‍ ഇന്ന് നാട്ടിലെങ്ങും പാട്ടാണ് .ഈ നൂതന വിപ്ലവത്തിന്‍റെ ഏററവും പുതിയ ജനപ്രിയ രൂപം "സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍" തന്നെ.വളരെ നേരത്തെ തന്നെ എത്തിയ ബ്ലോഗെഴുത്തും മറ്റും നിശ്ചിത താല്പ്പര്യക്കാര്‍ക്ക് മാത്രം പ്രിയങ്കരമായപ്പോള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്  സൈറ്റുകള്‍ പണ്ഡിതന്മാരുടെയും പാമരന്മാരുടെയും വര്‍ക്ക്‌ സ്പേസ് ആയി മാറി.എന്‍റെ ഓര്‍മ്മയിലെ ആദ്യ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്  "യാഹൂ മെസ്സെഞ്ചറിലൂടെ " ആണ് ( അത് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് വിഭാഗം ആണോ എന്നും എനിക്ക് അറിയില്ല ). ദുനിയാവിന്‍റെ ഏതോ കോണില്‍ നിന്നും ആരെന്നും എന്തെന്നും അറിയാത്തവരുടെ  " എ എസ് എല്‍" ചോദ്യങ്ങള്‍ക്ക് ആദ്യം സത്യസന്ധതയോടെയും പിന്നെ കളി പഠിച്ചപ്പോള്‍ അല്പ്പാല്‍പ്പം കള്ളത്തരങ്ങളും ആയി നീങ്ങിയപ്പോഴേക്കും സംഭവം മടുത്തു തുടങ്ങി .ചാറ്റിങ് എന്നാല്‍ ഏറിയ പങ്കും " ചീറ്റിംഗ് " ആണെന്ന സാരോപദേശങ്ങള്‍ കൂടി ആയപ്പോഴേക്കും ആ കസര്‍ത്ത് പൂര്‍ണ്ണമായും നിര്‍ത്തി. പിന്നെ വന്നത് ഊരേതെന്നും പേരേതെന്നും അറിയാത്ത " സോര്‍പിയ " ആയിരുന്നു .പാവത്തിന്‍റെ ഇന്നത്തെ ഗതി എന്താണാവോ ???.ട്വീടിങ്ങും ഓര്‍ക്കുട്ടിങ്ങും പിന്നെത്ത കോലാഹലം ആയിരുന്നു .ഓര്‍ക്കുട്ട്‌ ഒരു പുതിയ അനുഭവം തന്നെ ആയിരുന്നു.പഴയ കളിക്കൂട്ടുകാരെ താടിയും മീശയും ഒക്കെ പല ചേലില്‍ ചെത്തി മിനുക്കി കണ്ടപ്പോള്‍ നമ്മള്‍ക്കും പൂതി കേറി .ഒട്ടും വിട്ടു കൊടുത്തില്ല, ചാഞ്ഞും ചരിഞ്ഞും   നമ്മളും എടുത്തു കുറേ ഫോട്ടോകള്‍ .സൗഹൃദത്തിനിടയിലെ മാറാലകള്‍ തട്ടി കളഞ്ഞ ഓര്‍ക്കുട്ട്‌ അങ്ങനെ ഓര്‍മ്മക്കൂട്ടായി മാറി .സംഭവം രസംപിടിച്ചു  രസംപിടിച്ചു വരുമ്പോഴേക്കും ദാ വരുന്നു പുതിയ ഇഷ്ട്ടന്‍ .ഓര്‍ക്കുട്ട് നിരോധിച്ച അറബി നാട്ടിലെ സുഹൃത്തുകള്‍ പുതിയ ശീലം പഠിപ്പിച്ചു.ആദ്യം പലരും ചോദിച്ചപ്പോള്‍ സംഭവം പിടികിട്ടിയില്ല "എഫ . ബി " അക്കൗണ്ട്‌ ഇല്ലേ " എഫ ബി" .പിന്നെ ആണ് സംഗതി മനസിലായത് .പഷേ ആളെ ആദ്യമാദ്യം അങ്ങ് പിടിക്കുന്നില്ല.ആളു പിടിയും തരുന്നില്ല.എന്താണപ്പാ ഈ " ടാഗ്‌",ഇവിടെയും വാളോ?....പഷേ മൂപ്പരുടെ ചില കാര്യങ്ങളിലെ "  സ്വകാര്യതയും പരദൂഷണ വേദിയായ " ന്യൂസ്‌ ഫീഡും" ഒത്തിരി ഇഷ്ട്ട്ടപ്പെട്ടു....ഇഷ്ട്ടപെട്ടിരിക്കണം അല്ലോ ...വമ്പന്‍ കപ്പല്‍ അങ്ങ് മുങ്ങി ..ഓര്‍മ്മക്കൂട്ട് വെറും ചവറ്റു കുട്ട ആയി. ഇപ്പൊ ആണ്ടിനും ചങ്ങരാന്തിക്കും വിളക്ക് വെയ്ക്കാന്‍  പോലും ആരും ആ വഴിക്ക് പോകാറില്ല...
സുക്കെര്‍ ബെര്‍ഗ്ഗിന്‍റെ  ഒരു തല, മലയാളിയുടെ വീക്ഷണത്തില്‍ "അവന്‍റെ ടൈഇം ഇഷ്ട്ടാ..."



അറേബ്യന്‍ വസന്തവും , നവ അറേബ്യന്‍ വസന്തവുമായി ടുണിസിയ,ലിബിയ , ഈജിപ്ത് എന്നിവടങ്ങളിലെ സ്വച്ചാധിപതികളുടെ  കളസം കീറിയപ്പോള്‍ പാണനെപ്പോലെ നമ്മളും പാടി.ഇവന്‍ ആളു ചില്ലറയല്ല."കണ്ടോ ഓന്‍റെ ഒരു പവ്വറ്" ...അപ്പൂപ്പന്മാരും, കൊച്ചു കുട്ടികളും പ്രൊഫൈല്‍ ഉണ്ടാക്കി .ഫോട്ടോകള്‍ "അപ്‌ലോഡ്‌" ചെയ്തു തള്ളി.സുഹൃത്തുക്കളുടെ ഫോട്ടോയിലും വാളിലും ചൊറിഞ്ഞും, പുകഴ്ത്തിയും ,താരാരധനക്കാര്‍ "ഫോട്ടോഷോപ്പ്" അഭ്യാസങ്ങളുമായ് ചളി വാരിയെറിഞ്ഞും,  " ഗൂഗിള്‍" ചെയ്തതും തല പുകച്ചുണ്ടക്കിയതും ആയ ഫിലോസഫി പോസ്റ്റ്‌ ചെയ്തു പലരും അഭിനവ നീഷേയും,ഫ്രോയിഡും ഒക്കെ ആയി തകര്‍ത്തു...
കാണാന്‍ കൊള്ളാവുന്ന പെമ്പിള്ളാരുടെ ഫ്രണ്ട് ലിസ്റ്റില്‍ കേറിപ്പറ്റാനും തക്കം കിട്ടിയപ്പോള്‍ ഒക്കെ ചാറ്റ് റൂമില്‍ പഞ്ചാര അടിക്കാനും ആരും മോശം ആയിരുന്നില്ല .
അങ്ങനെ വിപ്ലവം,വിനോദം,വിവരം,വിപണനം,പരദൂഷണം,പ്രധര്‍ശന വേദി,പാര, കോടാലി,സൌഹൃതം,പ്രണയം, പഞ്ചാര, മേനികാട്ടല്‍, സമയംപോക്ക് ഒക്കെയായ്‌ സംഭവം ജോര്‍, സര്‍വത്ര കുശി .

ഈ പറഞ്ഞതെല്ലാം ചരിത്രം, അത്ര പഴയതൊന്നുമല്ലാത്ത ചരിത്രം.എന്നാല്‍ ഈ "മുഖപുസ്തകത്തിലെ"  ഏറ്റവും പുതിയ അദിതി ആണ് "മതം".അതാണ്‌ ഈ കുറിപ്പിലേക്ക് നയിച്ച ചേതോവികാരവും.മതേതരത്വം എന്ന കേമത്തം വിളമ്പി നമ്മള്‍ പല്ലപ്പോഴും മേനി കാണിച്ചപ്പോഴും ,തക്കം കിട്ടിയാല്‍ മതത്തിന്‍റെ കേമത്തം പലരും അറിഞ്ഞും, അറിയാതെ നടിച്ചും പാടാറുണ്ട് .കൊള്ളം..!!! നല്ലത്........നിങ്ങളുടെ വിശ്വാസം ഏതും ആകട്ടെ മുറുകെ പിടിച്ചോളൂ...വിശ്വാസങ്ങളിലെ നന്മ നാടിനു പലവിധങ്ങളില്‍ ഉപകാരപ്രദമായിട്ടുണ്ട് അങ്ങനെ തന്നെ ആവുകയും വേണം ..പക്ഷെ സുഹൃത്തേ.....പറയുന്നത് കൊണ്ടൊന്നും തോന്നരുത് ...തോന്നും എന്നത് കൊണ്ട് പറയാതിരിക്കാനും തോന്നുന്നില്ല   ഫേസ് ബുക്കിലെ ഈ "വിളംബരങ്ങള്‍ക്ക്" അല്‍പ്പം കയ്പ്പുണ്ട്....ഇതൊരു വല്ല്യആനക്കാര്യം ഒന്നും അല്ല.പക്ഷെ ഇത് നമുക്ക് വേണോ?..വേറൊന്നും കൊണ്ടല്ല..പ്രത്യക്ഷത്തില്‍ നിരുപദ്രവകരമായി തോന്നുന്ന ഇത്തരം സ്ഥാനം പിടിക്കലുകലുകളുടെ മൂലകാരണം ആയ മാനസിക വൈകല്യങ്ങള്‍ അത്ര നിസ്സാരങ്ങള്‍ ആണെന്നു തോന്നുന്നില്ല.
പൊതുസ്ഥലത്തെ പങ്കിടലുകളിലെ സാര്‍വ്വ ലൌകികതയും, സര്‍വ്വോപരി വെറും നേരം പോക്ക് എന്നിവ മാത്രവുമായ ഈ ഫേസ്ബുക്കിങ്ങില്‍, ഈ പറഞ്ഞ രണ്ടും മതാധിഷ്ഠിത പോസ്റ്റുകളില്‍ ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്.നമ്മള്‍ ഇന്ന് വരെ ഒരു ഫ്രണ്ട്ഷിപ് റിക്വസ്റ്റും റിലീജിയന്‍ കോളം നോക്കി അല്ല തള്ളണോ കൊള്ളണോ എന്ന് തീരുമാനിച്ചത് ...  മൂടി വെച്ചിരുന്ന സര്‍ഗ വാസനകള്‍ക്കും, പ്രവാസ നോവിന്‍റെ ചൂടിലും നമ്മുടെ നാടിന്‍റെ പച്ചപ്പിനെ നോക്കി നെടുവീര്‍പ്പെട്ടപ്പോഴും ,വൈകുന്നേരങ്ങളിലെ ക്ലബിലെയും ഒവുപാലങ്ങളിലെ സൌഹൃദ " ചൊറി" യലുകളിലെയും  സുഖവും നല്‍കിയപ്പോഴും നമ്മള്‍ ഫേസ്‌ ബുക്കിനെ ഒരുപാട് സ്നേഹിച്ചിട്ടുണ്ട് ...രസം പിടിച്ചിട്ടുണ്ട്...അതായിരുന്നു അതിലെ ഒരു രസവും..!!!!പഷേ മതാന്തത എന്ന മാലിന്യത്തിന് ഈ സുഖങ്ങള്‍ക്ക്  ഇടയിലെ രസം കൊല്ലി ആയേക്കാം ..... പഷേ ആശാവഹവും സ്വാഗതാര്‍വ്വഹവും  ആയ ഒരു പ്രവണത ഇത്തരം "രണ്ടാം നമ്പര്‍ " പരുപാടികളെ ആരും തന്നെ അത്രയധികം ലൈക്കും ഷെയറുംകൊണ്ട് മൂടുന്നില്ല എന്നത് തന്നെ ...വിവേക മതികള്‍ക്ക് അഭിനന്ദനങ്ങള്‍...അല്ലാത്ത ദുഷിപ്പുകള്‍ക്ക് നമുക്കു ഒറ്റ സ്വരത്തില്‍ മറുപടി കുറിച്ചുകൂടെ??...ഈ തെറ്റ് ഒന്ന് കൂടി കണ്ടാല്‍ നമ്മുടെ സൗഹൃദം" അണ്‍ -ഫ്രണ്ട് "  വീണ്ടും ചെയ്‌താല്‍ എന്നെന്നേക്കുമായി "ബ്ലോക്ക്‌"...



Friday, 13 July 2012

തല തിരിഞ്ഞവന്‍ ???

തല തിരിഞ്ഞവനോ? ..അതൊരു തൊട്ടു കൂടാത്തവനല്ലേ??...എന്‍റെ  സുഹൃത്തേ , വട്ടത്തിലും നീളത്തിലും ചക്രശ്വാസം  വലിച്ചു ഓടുന്ന ഈ ഉരുണ്ട ഗോളത്തില്‍ നമള്‍ എല്ലാവരും പകുതി  തല കുത്തി ആണ് നില്‍ക്കുന്നതെന്ന് ഭൂമി ശാസ്ത്രം പഠിപ്പിച്ചിട്ടില്ലേ ...ഞാന്‍ അതിനെ ഒരു 90 ഡിഗ്രി കൂടി തിരിച്ചു ..അല്ലെങ്കിലും അഹങ്കാരത്തിന്‍റെ ഒരെല്ല് സ്വയം അവരോധിക്കാന്‍ നമ്മളെല്ലാം ബോധാപൂര്‍വ്വമായൊരു ശ്രമം  നടത്തുന്നത് ശ്രദ്ധിച്ചാല്‍ കാണാം ..കണ്ടിട്ടുണ്ട്.. എനിക്കും നിങ്ങള്‍ക്കും എന്തെല്ലാം സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നു ...ട്രാഫിക്‌ ജാം ഒട്ടുമില്ലാത്ത ആകാശത്തെ അത്ഭുത വിമാനത്തിന്‍റെ സ്ടിയരിങ്ങ് പിടിച്ചു തിരിക്കാത്ത എത്ര പേരുണ്ട് ചെറുപ്പത്തില്‍ ??...മായാവിയെ പോലെ , ഡി ങ്കനെ പോലെ  കഥാന്ത്യം ജയിച്ചു കേറാത്ത എത്ര സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു പകല്‍ സ്വപ്നങ്ങള്‍ക്ക് കൂട്ടിന്?...എന്നാല്‍ ഒന്ന് ആലോചിച്ചു നോക്കൂ ...നമളെല്ലാം ഒരല്‍പം തല തിരിഞ്ഞു പോയില്ലേ ??....ഈ എഴുത്തുകള്‍ അവര്‍ക്കാണ് ...എന്നിലുള്ള നിങ്ങള്‍ക്കും നിങ്ങളിലുള്ള എനിക്കും ...നമ്മളിലെ തലതിരിഞ്ഞവര്‍ക്ക് ......
 ആദ്യാക്ഷരം പറഞ്ഞു തന്ന ഗുരുമുഖം നമ്മള്‍ പലര്‍ക്കും ഓര്‍മ പോലും കാണില്ല...ഗുരു നിന്ദയുടെ ആദിയും അവിടെ ത്തന്നെ,പിന്നെ അത് ഒരു ശീലവും ആകുന്നു .ശീലങ്ങള്‍ അല്ലേ നമ്മളെല്ലാം ..നൂറു കോടി മനുഷ്യര്‍ എന്നാല്‍ നൂറു കോടി ശീലങ്ങള്‍ (അതോ അതിലും കൂടുതല്‍ ?) .അമ്മയ്ക്ക്...നന്മയ്ക്ക്...ഗുരുക്കള്‍ക്ക്‌ ഒരായിരം  കോടി നന്ദിയോടെ ...ഹരിശ്രീ 

പഹാഡ്ഗാഞ്ചിലെ ശവക്കുഴി

                   ദില്ലി...ചരിത്ര പുസ്തകത്തിലെ നെടുനീളന്‍ അദ്ധ്യായം , രാഷ്ട്രീയ സിനിമകളിലേ വില്ലെന്മാരുടെ തറവാട്ട്‌ വീട്.ഏതൊര...